Rural Tours

Tuesday, 7 February 2012

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സി.പി.എം പ്രത്യയശാസ്ത്രരേഖയില്‍ രൂക്ഷവിമര്‍ശം
Posted on: 07 Feb 2012

പി.എസ്. നിര്‍മല



ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചൈനയുടെ വികസനനയത്തിനും സി.പി.എമ്മിന്റെ കരടുപ്രത്യയശാസ്ത്രരേഖയില്‍ രൂക്ഷവിമര്‍ശം. ചിന്തിക്കാനാവാത്ത പലതും ചൈനീസ് പാര്‍ട്ടിയില്‍ സംഭവിച്ചതായി പറയുന്ന രേഖ, അവിടെ പാര്‍ട്ടിയില്‍ മുതലാളിമാര്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയിലിന്ന് നിരവധി വ്യവസായികളും സംരംഭകരുമുണ്ടെന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ദിശാനിര്‍ണയത്തില്‍ പുതിയ സമ്മര്‍ദങ്ങള്‍ ചെലുത്തിയേക്കുമെന്ന് സി.പി.എം. വിലയിരുത്തി. 2010-ല്‍ 1,19,000 അഴിമതിക്കേസുകളാണ് ചൈന അന്വേഷിച്ചത്. 1,15,000 കേസുകളില്‍ കഴിഞ്ഞവര്‍ഷം അന്വേഷണം തുടങ്ങി. സാമ്രാജ്യത്വത്തിന്റെ സങ്കല്പം പോലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുകളഞ്ഞതിന്റെ ഫലമായി ചൈനീസ് യുവതലമുറയില്‍ ദേശീയത പ്രധാനവികാരമായിരിക്കുന്നു.

ഫലത്തില്‍ ഇന്ത്യയിലെ ചൈനാ ചായ്‌വുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന അപ്രഖ്യാപിത ലേബല്‍പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. മാര്‍ക്‌സിന്റെ തത്ത്വമനുസരിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളുടെ വിലയിരുത്തലും പ്രവര്‍ത്തനവുമായി പാര്‍ട്ടി മുന്നോട്ടു പോകും.

33 വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ ചൈനയുടെ സാമ്പത്തികസ്ഥിതി വന്‍തോതില്‍ മെച്ചപ്പെടുത്തി. എന്നാല്‍ 90-കളില്‍ വിവിധമേഖലകളില്‍ സ്വകാര്യമേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമസേവനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാറിന്റെ സാന്നിധ്യം കുറഞ്ഞു. 2005-ഓടെ വ്യവസായമേഖലയിലെ സ്വകാര്യപങ്കാളിത്തം പകുതിയായി. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ ആസ്തി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 62 ശതമാനത്തോളമുണ്ടെന്ന് യു.എസ്. കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രേഖയില്‍ പറയുന്നു. തന്ത്രപ്രാധാന്യമുള്ള മേഖലകളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു തന്നെയാണ് മുന്‍തൂക്കം.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ടപരിഷ്‌കാരങ്ങള്‍ അവിടെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് വര്‍ധിപ്പിച്ചു. 2006-നു ശേഷമേ ഗ്രാമീണാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവാക്കുന്നതില്‍ വര്‍ധനയുണ്ടായുള്ളൂ.

ഇവയുടെയൊക്കെ ഫലമായി വരുമാനത്തിന്റെ കാര്യത്തില്‍ തുല്യതയില്ലായ്മ കൂടി. 2002-ല്‍ ഏറ്റവും താഴെക്കിടയിലുള്ള പത്തുശതമാനം പേരുടേതിനേക്കാള്‍ 22 ശതമാനം കൂടുതലായിരുന്നു മുകള്‍ത്തട്ടിലെ 10 ശതമാനം പേരുടെ വരുമാനം. ഗ്രാമ-നഗരവരുമാനവ്യത്യാസം 13 മടങ്ങു കൂടി. അമേരിക്ക കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള രാജ്യം ചൈനയാണ്. അതേ സമയം ജി.ഡി.പി.യുടെ 40 ശതമാനമായി തൊഴിലാളികളുടെ വേതനം കുറഞ്ഞു.

മുതലാളിത്തത്തിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ മുപ്പതുവര്‍ഷം ചൈന തുടര്‍ച്ചയായി നേടിയ 10 ശതമാനം വളര്‍ച്ചയെന്നും പാര്‍ട്ടി വിലയിരുത്തി. എന്നാല്‍ ഉത്പാദനബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും ഇത് മോശമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്-രേഖയില്‍ പറയുന്നു.

92-ല്‍ പുറത്തിറക്കിയ പ്രത്യയശാസ്ത്രരേഖയ്ക്കു ശേഷം ഇത്തരത്തിലൊന്ന് സി.പി.എം. പുറത്തിറക്കുന്നത് ആദ്യമായാണ്. ലോകസാമൂഹികക്രമം, ലോകസോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള ഏറ്റുമുട്ടലായി 92-ലെ രേഖയില്‍ നിരീക്ഷിച്ചിരുന്നു. രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് ധനമൂലധനം വളരുന്നതും ഭരണകൂടങ്ങള്‍ അവയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും പുതിയ പ്രതിസന്ധിയായി രേഖ വിലയിരുത്തുന്നു. സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരായി ജനങ്ങള്‍ നടത്തുന്ന ചെറുത്തുനില്പിന് ഉദാഹരണമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പ്രസ്ഥാനങ്ങളെ രേഖ മഹത്ത്വവത്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയം , ചൂഷിതരുടെയും മര്‍ദിതരുടെയും ഐക്യമുണ്ടാക്കുന്നതില്‍ ഗുരുതരമായ വെല്ലുവിളിയാകുന്നെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെ എതിരിടാന്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നും രേഖയിലില്ല.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സന്നിഹിതനായിരുന്നെങ്കിലും പി.ബി. അംഗം സീതാറാം യെച്ചൂരിയാണ് കരടുരേഖ പുറത്തിറക്കിയ ചടങ്ങില്‍ രേഖയെക്കുറിച്ചു സംസാരിച്ചത്. പി.ബി. അംഗങ്ങള്‍ എസ്.രാമചന്ദ്രന്‍ പിള്ള, വൃന്ദാ കാരാട്ട് എന്നിവരും വേദിയിലുണ്ടായിരുന്നു. പാര്‍ട്ടി വെബ്‌സൈറ്റിലുള്ള രേഖയ്ക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാം. മാര്‍ച്ച് 15 വരെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമേ അന്തിമരൂപം പുറത്തുവരൂ.